Wednesday, November 23, 2022

അലി ബിൻ അബീത്വാലിബ് [റദിയല്ലാഹു അൻഹു]

ഇസ്‌ലാമികചരിത്രത്തിലെ നാലാമത്തെ ഖലീഫയാണ് അലി ബിൻ അബീത്വാലിബ്  رضي الله عنه . നബി ﷺ യുടെ പിതൃസഹോദരനായ അബൂ ത്വാലിബിന്റെ പുത്രനും, നബി ﷺ യുടെ പുത്രിയായ ഫാത്വിമയുടെ ഭർത്താവുമാണ് അദ്ദേഹം.

ബാല്യം

ക്രിസ്തുവർഷം 600-ൽ മക്കയിലാണ് അലി رضي الله عنه  ജനിച്ചത്. ഖുറൈഷി ഗോത്രത്തലവനും കഅബയുടെ പരിപാലകനുമായിരുന്നു അലിرضي الله عنه യുടെ പിതാവ്. മാതാവ് ഫാതിമ ബിൻത് അസദ്. പിതാവാണ് ഉന്നതൻ എന്നർത്ഥമുള്ള അലി എന്ന പേര് അദ്ദേഹത്തിന് നൽകിയത്.

അലി رضي الله عنه  ചെറുപ്പമായിരിക്കുമ്പോൾ മക്കയിൽ കടുത്ത വരൾച്ചയും ക്ഷാമവുമുണ്ടായി. തന്മൂലം വലിയൊരു കുടുംബത്തിന്റെ നാഥനായ അബൂ ത്വാലിബിനുണ്ടായ സാമ്പത്തികഞെരുക്കം ലഘൂകരിക്കാൻ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഹംസയും അബ്ബാസും അലിرضي الله عنه യുടെ സഹോദരന്മാരായ ത്വാലിബിന്റെയും, ജഅ്ഫർ رضي الله عنه  ന്റെയും സംരക്ഷണചുമതല ഏറ്റു. അലിرضي الله عنه യുടെ സംരക്ഷണം മുഹമ്മദ് നബി ﷺ (അന്ന് പ്രവാചകനായി അറിയപ്പെട്ടിരുന്നില്ല) ഏറ്റെടുത്തു.അങ്ങനെ മുഹമ്മദ് നബി ﷺ ന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളർന്നു. പത്ത് വയസ്സ് പ്രായമായ സമയത്ത് അലി رضي الله عنه  ഇസ്‌ലാം മതം സ്വീകരിച്ചു, കുട്ടികളുടെ കൂട്ടത്തിൽ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചത് അലിرضي الله عنه യാണ്.


യൗവനം

മുഹമ്മദ് നബി ﷺ വധിക്കാൻ ശത്രുക്കൾ വീട് വളഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വിരിപ്പിൽ പകരം കിടന്ന് മുഹമ്മദ് നബി ﷺ യെ   മദീനയിലേക്ക് കുടിയേറാൻ സഹായിച്ചത് അലിرضي الله عنه  യാണ്. പിന്നീട് മക്കക്കാർമുഹമ്മദ് നബി ﷺ ന്റെ കൈവശം സൂക്ഷിക്കാൻ ഏല്പിച്ച മുതലുകൾ ഉടമകൾക്ക് കൈമാറിയ ശേഷമാണ് അലി رضي الله عنه മദീനയിലേക്ക് പോയത്. മദീനയിലെത്തിയശേഷം തന്റെ മകൾ ഫാത്വിമയെ നബി ﷺ  അലിرضي الله عنهക്ക്  വിവാഹം ചെയ്തു കൊടുത്തു. അന്ന് അലിرضي الله عنه ക്ക്  24 വയസ്സും ഫാത്വിമക്ക് 19 വയസ്സുമായിരുന്നു പ്രായം. തബൂക്ക് യുദ്ധം ഒഴികെ എല്ലാ യുദ്ധങ്ങളിലും അലിرضي الله عنه, നബി ﷺ നൊപ്പം പങ്കെടുത്തു. തബൂക്ക് യുദ്ധവേളയിൽ മദീനയിൽ നബി ﷺ യുടെ  പ്രതിനിധിയായി നിൽക്കുകയായിരുന്നു. ധീരയോദ്ധാവ്, ഉന്നതപണ്ഡിതൻ, പ്രഗൽഭപ്രാസംഗികൻ, ഐഹികവിരക്തൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. ’ഇഹത്തിലും പരത്തിലും നീ എന്റെ സഹോദരൻ ‘ എന്ന് അലിرضي الله عنه,  യോട് നബി ﷺ  പറഞ്ഞിട്ടുള്ള വചനം പ്രശസ്തമാണ്.


മരണം

പ്രഭാത നിസ്കാരത്തിന് പോകുന്ന വഴിക്ക് വെച്ച് ഖവാരിജുക്കളിൽ പെട്ട ഒരു വ്യക്തി അലിയുടെ നെറ്റിതടത്തിൽ വെട്ടി, അതു കാരണം മൂന്ന് ദിവസത്തിനകം അദ്ദേഹം മരണമടഞ്ഞു.റമദാൻ 17 , വെള്ളിയാഴ്ച ആയിരുന്നു അലി (റ) വഫത്തായത്..(661 ജനുവരി 24)

No comments:

Post a Comment