Saturday, November 19, 2022

അബൂഉബൈദതു ജർറാഹ് رضي الله عنه

 മുമ്പല്ലുകൾ നഷ്ടപ്പെട്ട്, ഒട്ടിയ കവിളും നീണ്ട് മെലിഞ്ഞ ശരീരവുമുള്ള അബൂഉബൈദ رضي الله عنه സ്വർഗ്ഗം കൊണ്ട് വിശേഷമറിയിക്കപ്പെട്ട പത്ത് സഹാബിമാരിൽ ഒരാളാണ്. ആമിറുബ്നു അബ്ദില്ലാഹിബ്നുൽ ജർറാഹ് رضي الله عنه  എന്നാണ് അദ്ദേഹത്തിന്റെ പേര്.

നബി(ﷺ ) യുടെ പതിനൊന്നാമത്തെ പിതാമഹനായ ഫിഹ്റിന്റെ സന്താന പരമ്പരയിൽ പെട്ട ആളാണ് അബൂഉബൈദ (رضي الله عنه). ഈ സമുദായത്തിലെ വിശ്വസ്തൻ എന്ന് നബി (ﷺ) അദ്ദേഹത്തെ വിശേഷിപ്പിക്കുകയുണ്ടായി. നബി (ﷺ) പറഞ്ഞു ഓരോ സമുദായത്തിനും ഒരു വിശ്വസ്തനുണ്ട്. ഈ സമുദായത്തിലെ വിശ്വസ്തൻ അബൂഉബൈദയാകുന്നു.

ഒരിക്കൽ ഒരു സമരമുഖത്ത് നിലകൊള്ളുകയായിരുന്ന അംറുബ്നുൽ ആസിയെ رضي الله عنه സഹായിക്കാൻ നബി(ﷺ) അബൂഉബൈദ(ക്കു)യുടെ നേതൃത്വത്തിൽ ഒരു പോഷക സൈന്യത്തെ അയക്കുകയുണ്ടായി. അബൂബക്കറും(رضي الله عنه) ഉമറും (رضي الله عنه) സൈന്യത്തിൽ സാധാരണ പടയാളികളായിരുന്നു. അബൂഉബൈദ (رضي الله عنه)യുടെ പദവി ഇതിൽനിന്ന് വ്യക്തമാണല്ലോ. ഉമർ (رضي الله عنه) മരണശയ്യയിൽ വെച്ച് അദ്ദേഹത്തെ കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി അബൂഉബൈദ رضي الله عنه ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ ഞാൻ പിൻഗാമിയായി നിയമിക്കുമായിരുന്നു. അല്ലാഹു അതിനെക്കുറിച്ച് എന്നോട് ചോദിച്ചാൽ അല്ലാഹുവിന്റെയും റസൂലിന്റെയും വിശ്വസ്തനായ വ്യക്തിയെ മാത്രമാണ് ഞാൻ നിയോഗിച്ച തെന്ന് സമാധാനം പറയുകയും ചെയ്യുമായിരുന്നു.

നബി(ﷺ) അർഖമിന്റെ رضي الله عنه വീട്ടിൽ രഹസ്യപ്രബോധനം തുടങ്ങുന്നതിന് മുമ്പ് തന്നെ അബൂബക്കറി(رضي الله عنه)ന്റെ പ്രേരണമൂലം അബൂഉബൈദ رضي الله عنه ഇസ്ലാം ആശ്ലേഷിച്ചു. പ്രതിയോഗികളുടെ ക്രൂരമർദ്ദനങ്ങൾക്ക് സ്വഭാവികമായും അദ്ദേഹം വിധേയനായി. അബ്സീനയായിലേക്കുള്ള രണ്ടാമത്തെ ഹിജ്റയിൽ അദ്ദേഹവും പങ്കുകൊണ്ടു. അവിടെ നിന്ന് മടങ്ങിവന്നശേഷം നബി(ﷺ) യുടെ കൂട്ടുപിരിയാത്ത സഹചാരിയായി. യാതനയുടെ തീച്ചൂളയിൽ ജീവിതം നയിച്ചു. ബദർ, ഉഹ്ദ് അടക്കമുള്ള എല്ലാ ധർമ്മ സമരങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

പ്രവാചകസ്നേഹത്തിന് പാത്രമായ അദ്ദേഹം ഉഹ്ദ് രണാങ്കണത്തിൽ രോമാഞ്ചജനകമായ ധീരത കാഴ്ചവെച്ചു. തിരുമേനിയുടെ ജീവരക്തത്തിനു വേണ്ടി കഴുകനെ പോലെ പറന്നടുത്ത ശത്രുനിരയുടെ നേരെ ജീവൻ തൃണവൽഗണിച്ചു പടപൊരുതി. തിരുമേനിയുടെ സന്നിധിയിൽ നിന്ന് ഒരിക്കലും അദ്ദേഹം അകന്നുപോയില്ല. ഒരുവേള ശത്രുവലയത്തിനുള്ളിൽ അദ്ദേഹത്തിന്റെ ഖഡ്ഗം മിന്നൽപിണരുപോലെ ചലി ച്ചു കൊണ്ടിരിക്കുകയായിരുന്നു. നബി(ﷺ) ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട ഒരു നിർണ്ണായകഘട്ടത്തിൽ അദ്ദേഹത്തിന്റെ വാൾ നൂറ് വാളുകൾക്ക് സമാനമായിരുന്നു.

അതിനിടയിൽ ഒരു അസ്ത്രം നബി(ﷺ)യെ ലക്ഷ്യംവെച്ചുവരുന്നത് അബൂഉബൈദ (رضي الله عنه)യുടെ ദൃഷ്ടിയിൽ പെട്ടു. നൊടിയിടകൊണ്ട് ശത്രുവലയം ഭേദിച്ച് അദ്ദേഹം നബി (ﷺ)യുടെ അരികിലെത്തി. പരിശുദ്ധരക്തം വലുതകൈകൊണ്ട് തടവി നബി(ﷺ) ഇങ്ങനെ പറയുന്നുണ്ടായിരുന്നുതന്റെ സ്രഷ്ടാവിലേക്ക് ക്ഷണിക്കുന്ന ഒരു പ്രവാചകന്റെ വദനം രക്തപങ്കിലമാക്കിയ ഒരു ജനവിഭാഗം എങ്ങനെ വിജയിക്കും. നബി (ﷺ) യുടെ ശിരസ്സിലണിഞ്ഞിരുന്ന പടത്തൊപ്പിയുടെ രണ്ട് വട്ടക്കണ്ണികൾ ഇരു കവിളുകളിലും ആഴ്ന്നിറങ്ങിയിരുന്നു. ആ മുറിവുകളിലൂടെയായിരുന്നു രക്തം ഒഴുകിയിരുന്നത്.

അബൂബക്കർ(رضي الله عنه) പ്രസ്തുത സംഭവം വിവരിക്കന്നത് നോക്കൂ അസഹ്യവേദനയനു ഭവിച്ച്, രക്തമൊഴുകുന്നത് കണ്ട് ഞാൻ ഓടിച്ചെല്ലുകയായിരുന്നു. കീഴ്ഭാഗത്ത് നിന്ന് ഒരു മനുഷ്യൻ പറവപോലെ കുനിഞ്ഞ് വരുന്നത് ഞാൻ കണ്ടു. പടച്ചവനേ അത് ശത്രുവല്ലാതിരുന്നെങ്കിൽൽ എന്ന് ഞാൻ മനസ്സാപ്രാർത്ഥിച്ചു. അയാൾ അടുത്ത് എത്തിയപ്പോൾ അത് അബൂഉബൈദയാണെന്ന് എനിക്ക് മനസ്സിലായി. അദ്ദേഹം എന്നോട് മാറിനിൽക്കാൻ പറഞ്ഞു. പടത്തൊപ്പിയുടെ ഒരു വട്ടക്കണ്ണി അദ്ദേഹം മുമ്പല്ലുകൊണ്ട് കടിച്ചു പറിച്ചുതാഴെയിട്ടു. അതോടൊപ്പം അദ്ദേഹത്തിന്റെ ഒരു മുമ്പല്ലും താഴെവീണു. രണ്ടാമത്തെ വട്ടക്കണ്ണിയും അദ്ദേഹം കടിച്ചുപറിച്ചു. അപ്പോഴും ഒരു പല്ല് നഷ്ടപ്പെട്ടു.

ഒരിക്കൽ നബി (ﷺ) അദ്ദേഹത്തെ 300 ൽ പരം സൈനികരുടെ നേതൃത്വം നൽകിക്കൊണ്ട് ഒരു ദൂരെദിക്കിലേക്ക് യുദ്ധത്തിന് നിയോഗിച്ചു.

ദുർഘടം പിടിച്ച ദൂരയാത്രയായിരുന്നു അത്. വഴിമദ്ധേ്യ അവരുടെ ഭക്ഷണസാധനങ്ങൾ തീർന്നുപോയി. ഒരാൾക്ക് ഒരു ദിവസം ഒരു കാരക്കവീതം ഭക്ഷിക്കാൻ പോലും അവരുടെ പക്കലുണ്ടായിരുന്നില്ല. എങ്കിലും ആ സൈന്യാധിപന്റെ മനക്കരുത്ത് തളർത്താനും അദ്ദേഹത്തെ പിന്തിരിപ്പിക്കാനും അതു കാരണമായിരുന്നില്ല. അവർ ലക്ഷ്യത്തിലേക്ക് തന്നെ നീങ്ങി. എല്ലാം തീർന്ന് പ്രസ്തുതസംഘം പച്ചിലകൾ ഭക്ഷിച്ചും വെള്ളം കുടിച്ചും ദൗത്യം നിർവഹിച്ചു. ഈ യുദ്ധം പച്ചില എന്നർത്ഥം വരുന്ന ഖബത്ത്ത്തശ്ശ എന്ന പേരിൽ അറിയപ്പെടുന്നു.

നബി (ﷺ)ക്ക് അബൂഉബൈദയോട് رضي الله عنه അതിയായ സ്നേഹമായിരുന്നു. ഒരിക്കൽ യമനിലെ നജ്റാനിൽ നിന്ന് ഒരു നിവേദകസംഘം മദീനയിൽ വന്നു. തങ്ങൾക്ക് ഖുർആനും സുന്നത്തും പഠിക്കുവാൻ ഒരാളെ നജ്റാനിലേക്ക് അയച്ചുതരണമെന്ന് നബി (ﷺ)യോട് ആവശ്യപ്പെട്ടു. അവരോട് നബി(ﷺ) പറഞ്ഞു നിങ്ങളോടൊപ്പം വിശ്വസ്തനായ ഒരു മനുഷ്യനെ ഞാൻ അയച്ചുതരാം. അദ്ദേഹം അതിവിശ്വസ്തനായിരിക്കും.

അതിവിശ്വസ്തനായിരിക്കും എന്ന് നബി (ﷺ) മൂന്നു പ്രാവശ്യം ആവർത്തിച്ചുകൊണ്ടിരുന്നു. ഈ ആവർത്തനം കേട്ടപ്പോൾ ആ മഹാഭാഗ്യവാൻ ഞങ്ങളായിരുന്നുവെങ്കിൽ എന്ന് ഓരോ സഹാബിമാരും ആഗ്രഹിച്ചുപോയി. ഉമർ(رضي الله عنه) പറയുന്നത് നോക്കൂ ഞാൻ ഒരിക്കലും സ്ഥാനമാനങ്ങൾ കൊതിച്ചിരുന്നില്ല. അന്ന് നബിയുടെ ﷺ ആ പ്രകീർത്തനം കേട്ടപ്പോൾ അത് ഞാനായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോയി. അന്ന്

ളുഹർ നമസ്ക്കാരത്തിന് ശേഷം നബി (ﷺ) ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞുനോക്കി. നബി (ﷺ)യുടെ കണ്ണുകൾ തന്റെ അനുയായികളിലെ

ആ വിശ്വസ്തനെ പരതുകയായിരുന്നു. ഞാൻ നബി(ﷺ)യുടെ ദൃഷ്ടിയിൽപെടാൻ വേണ്ടി തല ഉയർത്തി പൊങ്ങിയിരുന്നു. അബൂഉബൈദയെ കണ്ടപ്പോൾ നബി (ﷺ) അദ്ദേഹത്തെ വിളിച്ചു ഇങ്ങനെ പറഞ്ഞു നീ ഇവരുടെ കൂടെ നജ്റാനിലേക്ക് പുറപ്പെടുക, സത്യസന്ധമായി വിധിനടത്തുകയും ചെയ്യുക. അങ്ങനെ അബൂഉബൈദ(رضي الله عنه) അവരോടുകൂടെ നജ്റാനിലേക്ക് പുറപ്പെട്ടു.

നബി (ﷺ)യുടെ നിര്യാണത്തിന് ശേഷവും അബൂഉബൈദ (رضي الله عنه) വിശ്വസ്തതയോടു കൂടി ഇസ്ലാമിനെ സേവിച്ചു. ഇസ്ലാമിന്റെ പതാകക്ക് കീഴിൽ അനുസരണയുള്ള ഒരു സാധാരണ ഭടനായും സൈന്യാധിപനായും അദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. ഒരു സാധാരണ ഭടനെന്ന നിലക്ക് അദ്ദേഹം പ്രകടിപ്പിക്കുന്ന യോഗ്യതയും സാഹസവും അദ്ദേഹത്തെ ഒരു സൈന്യാധിപനാണെന്ന് തോന്നിപ്പിക്കുമായിരുന്നു. നേതാവെന്ന നിലക്കുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥതയും വിനയവും ഒരു സാധാരണ ഭടന്റേതുപോലെയുമായിരുന്നു.

ഇസ്ലാമിക ചരിത്രത്തിലെ സുപ്രസിദ്ധമായ യർമൂക്ക് യുദ്ധത്തിൽ ഖാലിദുബ്നുൽ വലീദ് رضي الله عنه ആയിരുന്നു സൈന്യാധിപൻ. യുദ്ധം നിർണ്ണായകഘട്ടത്തിലെത്തിയപ്പോൾ, സൈന്യനേതൃത്വം അബൂഉബൈദ (رضي الله عنه)യിൽ അർപ്പിച്ചുകൊണ്ട് ഖലീഫ ഉമറി(رضي الله عنه)ന്റെ

പുതിയ ഉത്തരവ് അബൂഉബൈദ رضي الله عنه  കൈപ്പറ്റുകയുന്നുണ്ടായി. ഖാലിദി(رضي الله عنه)ന്റെ നേതൃത്വത്തിൽ പ്രസ്തുതയുദ്ധം വിജയം വരിക്കുന്നത് വരെ  ആ ഉത്തരവ് അദ്ദേഹം മറച്ചുവെയ്ക്കുകയാണുണ്ടായത്. യുദ്ധം വിജയകരമായി പര്യവസാനിച്ചശേഷം അദ്ദേഹം വിനയപുരസ്സരം ഖലീഫയുടെ കത്തുമായി ഖാലിദി رضي الله عنه നെ സമീപിച്ചു വിവരമറിയിച്ചു. ഖാലിദ് رضي الله عنه ചോദിച്ചു വന്ദ്യരായ അബൂഉബൈദ رضي الله عنه, ആ ഉത്തരവ് അങ്ങയ്ക്ക് കിട്ടിയപ്പോൾതന്നെ അത് എന്നെ ഏൽപ്പിച്ച് അങ്ങ് നേതൃത്വം ഏറ്റെടുക്കേണ്ടാതായിരുന്നില്ലേ അബൂഉബൈദ(رضي الله عنه) പറഞ്ഞു യുദ്ധത്തിന് ഭംഗംവരുന്നത് ഞാനിഷ്ടപ്പെട്ടില്ല.

എെഹികസ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവരോ അതിനുവേണ്ടി പ്രവർത്തിക്കുന്നവരോ അല്ലല്ലോ നാം. ആരുനേതാവായാലും നാമെല്ലാവരും ദൈവമാർഗത്തിൽ സഹോദരരാണല്ലോ.

എണ്ണത്തിലും വണ്ണത്തിലും ബൃഹത്തായ ഒരു സൈന്യത്തിന്റെ നേതൃത്വം വഹിച്ച അബൂഉബൈദ (رضي الله عنه) ഒരിക്കലും ഒരു സാധാരണ സൈനികന്റെ നിലവാരത്തിൽ കവിഞ്ഞ മനഃസ്ഥിതി വെച്ച് പുലർത്തിയില്ല. സിറിയയിലെ തന്റെ അനുയായികളോട് അദ്ദേഹം ഒരിക്കൽ ഇങ്ങനെ പ്രസംഗിച്ചു മഹാജനങ്ങളേ ഞാൻ ഖുറൈശി വംശജനായ ഒരു മുസ്ലിമാകുന്നു. നിങ്ങളിൽ കറുത്തവനോ വെളുത്തവനോ ആരുതന്നെയാവട്ടെ ദൈവഭക്തിയിൽ ആര് എന്നെ കവച്ചുവെക്കുന്നോ അവനെ ഞാൻ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും.

ഉമർ (رضي الله عنه) സിറിയാ സന്ദർശനത്തിന് എത്തിയപ്പോൾ സ്വീകരിക്കാൻ വന്നവരോട് അദ്ദേഹം ചോദിച്ചു എന്റെ സഹോദരൻ അബൂഉബൈദ എവിടെ അദ്ദേഹത്തെ കണ്ടമാത്രയിൽ ഉമർ(رضي الله عنه) കെട്ടിപ്പിടിച്ചാശ്ലേഷിച്ചു. അബൂഉബൈദ(رضي الله عنه) അദ്ദേഹത്തെ തന്റെ വീട്ടിലേക്ക്

കൊണ്ട്പോയി. ആ വീട്ടിൽ അദ്ദേഹത്തിന്റെ വാഹനവും വാളും പരിചയുമല്ലാതെ കാര്യമായി ഒന്നും ഉമർ(رضي الله عنه) കില്ല. ഉമർ(رضي الله عنه) അദ്ദേഹത്തോട് ചോദിച്ചു നിങ്ങൾ നിങ്ങൾക്ക് ആയി ഒന്നും സമ്പാദിച്ചിട്ടില്ലേ അദ്ദേഹം പറഞ്ഞു എനിക്കൊന്നും ആവശ്യമില്ല, അമീറുൽ മുഅ്മിനീൻ

ഹിജ്റ 18  ാം വർഷം. ഉമർ (رضي الله عنه) മദീനയിൽ തന്റെ ഔദേ്യാഗികകർമ്മങ്ങളിൽ വ്യാപൃതനായിരുന്നു. ഒരു ദൂതൻ വന്നു പറഞ്ഞു അമീറുൽ മുഅ്മിനീൻ, അബൂഉബൈദ(رضي الله عنه) നിര്യാതനായിരിക്കുന്നു. അണപൊട്ടിയ കണ്ണുകൾ തുടച്ചുകൊണ്ട് ഉമർ (رضي الله عنه) പറഞ്ഞു ഞ്ഞവ്വഅല്ലാഹു അദ്ദേഹത്തിന്ന് കരുണചെയ്യട്ടെ. ഞാൻ വല്ലതും ഈ ലോകത്ത് ആഗ്രഹിക്കുന്നുവെങ്കിൽ അത് അബൂഉബൈദയെ പോലുള്ളവരെക്കൊണ്ട് നിറക്കപ്പെട്ട ഒരു കുടംബത്തെ മാത്രമായിരുന്നു.

ജോർദാനിലെ അംവാസ് എന്ന സ്ഥലത്ത്വെച്ച് 58 ാം വയസ്സിൽ പ്ളേഗ് രോഗം പിടിപ്പെട്ടാണ് അദ്ദേഹം നിര്യാതനായത്.

No comments:

Post a Comment