Sunday, November 20, 2022

(رضي الله عنه)സഅദ് ഇബ്നു മുആദ്

 ഉമറിന്റെ ഭരണകാലത്ത് പേർഷ്യൻ സൈന്യം അൽജസീർ യുദ്ധക്കളത്തിൽ നടത്തിയ പരാക്രമം മദീനയിലെ മുസ്ലിംകളെ ഞെട്ടിച്ചു. മുസ്ലിം സൈന്യം വേദ നാജനകമായ പരീക്ഷണങ്ങൾക്ക് വിധേയമായി. ഒരു ദിവസം മാത്രം നാലായിരത്തോളം പേർ രക്തസാക്ഷികളായി. മുസ്ലിം സൈന്യത്തിന്റെ നേതൃത്വം നേരിട്ട് ഏറ്റെടുക്കാൻ ഉമർ(رضي الله عنه) മദീനയിൽ നിന്ന് പുറപ്പെടാൻ തീരുമാനിച്ചു.

അബ്ദുറഹ്മാനു ഔഫ് رضي الله عنه അടക്കമുള്ള സഹാബി പ്രമുഖർ അദ്ദേഹത്തെ അതിൽനിന്ന് പിന്തിരിപ്പിച്ചു. പകരം സഅദ്(رضي الله عنه) നിയോഗിക്കപ്പെട്ടു. ധീരനായ അദ്ദേഹത്തിന്റെ നേതൃത്വം പേർഷ്യയെ മുസ്ലിംകൾക്ക് അധീനപ്പെടുത്തിക്കൊടുത്തു.

നബി(ﷺ)യുടെ മാതാവായ ആമിനയുടെ പിതൃവ്യൻ ഉഹൈബ്, സഅദിന്റെ പിതാമഹനായിരുന്നു. നബി(ﷺ) അദ്ദേഹത്തെ അമ്മാവൻ എന്ന് വിളിക്കാറുണ്ടായിരുന്നു. തന്റെ പതിനേഴാമത്തെ വയസ്സിലാണ് അഅദ്(رضي الله عنه) ഇസ്ലാം സ്വീകരിച്ചത്. ഇസ്ലാമിലെ മൂന്നാമത്തെ അംഗമായിരുന്ന അദ്ദേഹം വലിയ അസ്ത്രനിപുണനും അറബികളിലെ എണ്ണപ്പെട്ട യോദ്ധാവുമായിരുന്നു. ഉന്നം പിഴക്കാത്ത രണ്ട് ആയുധങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ഒന്ന് അദ്ദേഹത്തിന്റെ അസ്ത്രം. മറ്റൊന്ന് പ്രാർത്ഥനയും.

നബി (ﷺ) അദ്ദേഹത്തിനുവേണ്ടി ഇങ്ങനെ പ്രാർത്ഥിച്ചിരുന്നു അല്ലാഹുവേ, സഅദിന്റെ അസ്ത്രം നീ കുറിക്കു കൊള്ളിക്കുകയും അദ്ദേഹത്തിന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകയും ചെയ്യേണമേ. ആമിറുബ്നു സഅദ് (رضي الله عنه) പറയുന്നു ഒരിക്കൽ ഒരാൾ അലി, ത്വൽഹത്ത്, സുബൈർ (رضي الله عنه) എന്നിവരെ അസഭ്യം പറയുന്നത് സഅദ് (رضي الله عنه) കേട്ടു. അങ്ങനെ പറയരുത് എന്ന് അയാളെ സഅദ് ഉപദേശിച്ചു. അയാൾ അത് കൂട്ടാക്കിയില്ല. സഅദ് പറഞ്ഞു ഞാൻ നിനക്കെതിരെ അല്ലാഹുവിനോട് പ്രാർത്ഥിക്കും. അത് കേട്ടപ്പോൾ അയാൾ സഅദി(رضي الله عنه)നെ പരിഹസിക്കുകയാണ് ചെയ്തത്. ഭീഷണി കേട്ടാൽ ഒരു പ്രവാചകനെ പോലെയുണ്ടല്ലോ സഅദ് രണ്ട് റക്അത്ത് സുന്നത്ത് നമസ്ക്കരിച്ചശേഷം ഇങ്ങനെ പ്രാർത്ഥിച്ചു നാഥാ, നിന്റെ സൽവൃത്തരായ ജനങ്ങളെ ഈ മനുഷ്യൻ അസഭ്യം പറഞ്ഞിരിക്കുന്നു. അതിന്റെ പ്രതിഫലം നീ നൽകേണമേ.

നിമിഷങ്ങൾക്ക് ശേഷം കലിതുള്ളിക്കൊണ്ട് ഒരു ഒട്ടകം ആൾക്കൂട്ടത്തിലേക്ക് ഓടിവന്നു. ആ മനുഷ്യനെ തിരഞ്ഞു പിടിച്ചു കടിച്ചു കൊന്നുകളഞ്ഞു. അദ്ദേഹത്തിന്റെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു.

സഅദ്(رضي الله عنه) ധർമ്മിഷ്ഠനായ ഒരു സമ്പന്നനായിരുന്നു. തന്റെ സമ്പത്തിൽ സംശയാ സ്പദമായ ധനം (ശുബ്ഹത്ത്) വന്നു കൂടുന്നത് അദ്ദേഹം വളരെ ശ്രദ്ധിച്ചു. ഹജ്ജത്തുൽ വിദാഇന്റെ ഘട്ടത്തിൽ സഅദ് (رضي الله عنه) രോഗശയ്യയിലായിരുന്നു. നബി(ﷺ) അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ അദ്ദേഹം നബി (ﷺ)യോട് ചോദിച്ചു നബിയേ, എനിക്ക് ധാരാളം സമ്പത്തുണ്ട്. അനന്തരാവകാശിയായി ഒരു പുത്രി മാത്രമേയുള്ളു. (പിന്നീട് അദ്ദേഹത്തിനു സന്താനങ്ങൾ വേറെയുമുണ്ടായി). ഞാൻ എന്റെ സ്വത്തിന്റെ മുന്നിൽ രണ്ട് ഭാഗം ധർമ്മം ചെയ്യട്ടെ നബി (ﷺ) പറഞ്ഞു അതുവേണ്ട സഅദ് പകുതിഭാഗമോ അതിനും നബി (ﷺ) സമ്മതിച്ചില്ല. മൂന്നിലൊരു ഭാഗം ധർമ്മം ചെയ്യാൻ അദ്ദേഹത്തിന് അനുവാദം നൽകി. പിന്നീട് നബി (ﷺ) പറഞ്ഞു അത് തന്നെ ധാരാളമാണ്. നിന്റെ അനന്തരാവകാശികളെ ദരിദ്രരാക്കി ഉപേക്ഷിക്കുന്നതിനേക്കാൾ നിനക്കുത്തമം സമ്പന്നരാക്കി വിടുന്നതാണ്.

ദൈവത്തിന്റെ പ്രതിഫലം കാംക്ഷിച്ച് നിന്റെ ബന്ധുക്കൾക്ക് നീ നൽകുന്ന ഭക്ഷണത്തിനുപോലും അല്ലാഹുവിൽ നിന്ന് പ്രതിഫലം കിട്ടും. നിന്റെ പ്രിയതമയുടെ വായിൽ ഇട്ടുകൊടുക്കുന്ന ഉരുളക്ക് പോലും ഒരിക്കൽ അനുയായികളോടുകൂടെ ഇരിക്കുകയായിരുന്ന നബി (ﷺ) പറഞ്ഞു ഈ സദസ്സിലേക്ക് സ്വർഗ്ഗാവകാശിയായ ഒരാൾ കയറിവരാൻ പോകുന്നുണ്ട് ആ സൗഭാഗ്യവാൻ ആരാണെന്നറിയാൻ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു. സഅദുബ്നു അബീവഖാസ് (رضي الله عنه) സദസ്സിലേക്ക് കയറിവന്നു അബ്ദുല്ലാഹിബ്നുഅംറ് رضي الله عنه ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചു ച്ചൾ ഈ മഹത്തായ പദവിക്കർഹനാവാൻ മാത്രം നിങ്ങൾ അനുഷ്ഠിക്കുന്ന ഇബാദത്ത് എന്തെല്ലാമാണ്അദ്ദേഹം പറഞ്ഞു സാധാരണയിൽ കവിഞ്ഞു ഞാനൊരു സൽകർമ്മവും ചെയ്യാറില്ല. എങ്കിലും ഒരാളോടും ഞാൻ ഇതുവരെ ഉൾപയും വിദേ്വഷവും വെച്ചു പുലർത്തിയിട്ടില്ല.

സഅദി(رضي الله عنه)ന്റെ ഈമാൻ ഉരുക്കുപോലെ ഉറപ്പുള്ളതായിരുന്നു. അദ്ദേഹം ഇസ്ലാമേശ്ലേഷിച്ചതറിഞ്ഞ മാതാവ് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ പലതും ചെയ്തു നോക്കി. പരാജയപ്പെട്ട ആ സ്ത്രീ അവസാനം നിരാഹാരസമരത്തിനാണ് മുതിർന്നത്.

സഅദ് (رضي الله عنه) തന്റെ പിതാമഹാരുടെ ആചാരത്തിലേക്ക് മടങ്ങിയാലല്ലാതെ താൻ ജീവിക്കുകയില്ലെന്ന് ആ സ്ത്രീ ശാഠ്യം പിടിച്ചു. ഭക്ഷണം കഴിക്കാതെ അവശയായി. സഅദ്(رضي الله عنه) മാതാവിനോട് പറഞ്ഞു ഉമ്മാ, നിങ്ങൾക്ക് നൂറ് ആത്മാവുകൾ ഉണ്ടാവുകയും അവ ഓരോന്നായി നിങ്ങളുടെ ദേഹത്തിൽ നിന്ന് പറന്നകലുന്നത് ഞാൻ കാണുകയും ചെയ്താലും ശരി, ഈ വിശ്വാസത്തിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ നിങ്ങൾക്ക് സാദ്ധ്യമല്ല. നിങ്ങൾക്ക് വേണമെങ്കിൽ ഭക്ഷണം കഴിക്കാം

അദ്ദേഹത്തിന്റെ ദൃഢവിശ്വാസത്തെ ശ്ലാഘിച്ചുകൊണ്ട് പരിശുദ്ധ ഖുർആൻ ഇങ്ങനെ അവതരിച്ചു നിനക്ക് അജ്ഞാതമായതിനെ എന്നിൽ പങ്ക് ചേർക്കണമെന്ന് അവർ രണ്ട്പേരും (മാതാവും പിതാവും) നിന്നെ നിർബന്ധിച്ചാൽ (അക്കാര്യത്തിൽ) നീ അവരെ അനുസരിക്കേണ്ടതില്ല.

സഅദ് (رضي الله عنه) പേർഷ്യയിലേക്ക് സേനാനായകനായി നിയോഗിക്കപ്പെട്ടു.

ഖലീഫ ഉമർ (رضي الله عنه) സൈന്യത്തെ തയ്യാറാക്കി നിർത്തിയേശേഷം സഅദി(رضي الله عنه)നെ ഉപദേശിച്ചു സഅദേ, അങ്ങ് നബി ﷺ യുടെ  അമ്മാവനും സ്നേഹിതനുമാണെന്ന ഭാവം നടിക്കരുത്, അല്ലാഹുവിന്റെ പക്കൽ കുടുംബബന്ധത്തിന് വിലയില്ല. ആരാധനയ്ക്കും തഖ്വയ്ക്കുമാണവിടെ വിലയുള്ളത്. ഉന്നതകുലജാതനും നീചനും അവിടെ സമരാണ്. മനുഷ്യരെല്ലാം അല്ലാഹുവിന്റെ അടിമകളും അല്ലാഹു അവരുടെ രക്ഷിതാവുമാകുന്നു. അതുകൊണ്ട് നബി(ﷺ) നമ്മിലേക്ക് നിയുക്തനായത് മുതൽ നമ്മോട് യാത്രപറയുന്നത് വരെ അനുവർത്തിച്ച കാര്യങ്ങൾ നീ പിന്തുടരുക.

നീ സമരമുഖത്ത് ചെന്നിറങ്ങിയാൽ ശത്രുക്കളുടെ സ്ഥിതിഗതികളെല്ലാം, നോക്കിക്കാണുന്നതുപോലെ വ്യക്തമായ രൂപത്തിൽ എനിക്ക് എഴുതിയറിയിക്കുകയും ചെയ്യുക. മുസ്ലിം സൈന്യം ഖാദിസിയായിലേക്ക് പുറപ്പെട്ടു. മുസ്ലിംകൾ ഒരിക്കലും നേരിട്ടിട്ടില്ലാത്ത അത്രയും വലിയ സന്നാഹങ്ങളോടുകൂടി രണശൂരനായ റുസ്തം ഒരുലക്ഷം സൈനികരുമായി തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.

മുസ്ലിം സൈന്യത്തിൽ നിന്ന് ഒരു നിവേദികസംഘം റുസ്തമിനെ സമീപിച്ചു. അദ്ദേഹത്തോടു പറഞ്ഞു ജനങ്ങളെ വിഗ്രഹാരാധനയിൽ നിന്ന് തൗഹീദിലേക്കും സേ്വച്ഛാധിപത്യത്തന്റെ അക്രമങ്ങളിൽ നിന്ന് ഇസ്ലാമിന്റെ നീതിയിലേക്കു ക്ഷണിക്കാൻ അല്ലാഹു ഞങ്ങളെ നിയോഗിച്ചിരിക്കുന്നു. ഇത് നിങ്ങൾ സ്വീകരിച്ചാൽ നമുക്ക് രണ്ട് വിഭാഗത്തിനും നല്ലത്. അല്ലാത്തപക്ഷം അല്ലാഹുവിന്റെ വാഗ്ദത്തം പ്രാപിക്കുന്നത് വരെ ഞങ്ങൾ യുദ്ധംചെയ്യും.റുസ്തം ചോദിച്ചുഅല്ലാഹു നിങ്ങളോട് എന്ത് വാഗ്ദത്തമാണ് ചെയ്തിരിക്കുന്നത് അവർ പറഞ്ഞു ഞങ്ങളിൽ രക്തസാക്ഷിയാകുന്നവർക്ക് സ്വർഗ്ഗവും, അവശേഷി ക്കുന്നവർക്ക് വിജയവും. റുസ്തം അവരുടെ ക്ഷണം സ്വീകരിച്ചില്ല. നിവേദകസംഘം മടങ്ങിപ്പോന്നു.

ശരീരം മുഴുവൻ വ്രണം നിറഞ്ഞു അസഹ്യമായ വേദനയനുഭവിക്കുകയായിരുന്നു അപ്പോൾ സഅദ് (رضي الله عنه). അദ്ദേഹം സൈന്യത്തെ അഭിമുഖീകരിച്ച് ഒരു പ്രസംഗം നടത്തി. എന്റെ സൽവൃത്തരായ അടിമകൾ ഭൂമിയിലെ ഭരണാധികാരം അനന്തരമാക്കുമെന്ന്, ഉപദേശങ്ങൾക്കുശേഷം സബൂറിൽ നാം വ്യക്തമാക്കിയിരിക്കുന്നു. എന്ന പരിശുദ്ധ സൂക്തംഓതിക്കൊണ്ടായിരുന്നു അദ്ദേഹം പ്രസംഗമാരംഭിച്ചത്. അനന്തരം അവർ ഒന്നായി ദുഹ്ർ നമസ്കരിച്ചു. തക്ബീർ ധ്വനികളോടെ യുദ്ധക്കളത്തിലേക്ക് കുതിച്ചു. ചരിത്രപ്രസിദ്ധനായ റുസ്തമിന്റെ സൈന്യം ഘോരമായ ഒരു യുദ്ധത്തിന് ശേഷം പരാജയപ്പട്ടു. റുസ്തം വധിക്കപ്പെട്ടു. മുസ്ലിം സൈന്യം കിസ്റയുടെ കൊട്ടാരത്തിൽ പ്രവേശിച്ചു.

പേർഷ്യ മുസ്ലിംകൾക്ക് കീഴടങ്ങി. ഖാദിസിയയിൽ പരാജയമടഞ്ഞ പേർഷ്യൻ സൈന്യം മദാഇനിൽ കരുത്താർജ്ജിക്കുന്ന വിവരം സഅദ് (رضي الله عنه) അറിഞ്ഞു.

സഅദ് (رضي الله عنه) തന്റെ സൈനികരിൽ നിന്ന് രണ്ട് സംഘത്തെ തിരഞ്ഞെടുത്തു. അസിമുബ്നുഅംറി(رضي الله عنه)ന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തിന് കതീബത്തൂൽ അഹ്വാൽ  എന്നും ഖഅ്ഖാഉബ്നു അംറിന്റെ رضي الله عنه കീഴിലുള്ള രണ്ടാമത്തെ സംഘത്തിന് കതീബത്തുൽ ഖർസാത്ത് (നിശ്ശബ്ദസംഘം) എന്നും പേര് നൽകി. ഈ രണ്ട് സംഘവും തങ്ങളുടെ പിന്നിലുള്ള സൈന്യത്തിന് വഴിയൊരുക്കി കൊണ്ട് ആദ്യം നദിയിലിറങ്ങി.

ടൈഗ്രീസ് നദി അല്ലാഹുവിന്റെ പ്രിയങ്കരമായ ആ അടിമകൾക്ക് കീഴ്പ്പെട്ടു ഒരാൾക്കു പോലും അപകടം പിണയാതെ അവർ മറുകര പറ്റി. നദി കടന്നശേഷം അത്ഭുതപരതന്ത്രനായി, സന്തോഷാതിരേകത്താൽ സൽമാനുൽഫാരിസി (رضي الله عنه) കൈ അടിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു ഇസ്ലാം പുതുപുത്തനാകുന്നു. അവർക്ക് കരയും കടലും കീഴ്പ്പെട്ടിരിക്കുന്നു. കൂട്ടംകൂട്ടമായ് അവർ ടൈഗ്രീസിൽ ഇറങ്ങി. ഒരാളും നഷ്ടപ്പെടാതെ മറുകര പറ്റുകയും ചെയ്തിരിക്കുന്നു.

സആദ് (رضي الله عنه) മദാഇനിൽ വിജയം കൈവരിച്ചുള്ള യൂഫ്രട്ടീസ് നദിയുടെ തീരത്ത് ക്രിസ്താബ്ദം 638 ൽ ചരിത്ര പ്രസിദ്ധമായ കൂഫാ പട്ടണത്തിന് അടിത്തറ പാകിയത് അദ്ദേഹമായിരുന്നു. ഉമർ (رضي الله عنه) അക്രമിക്കപ്പെട്ടപ്പോൾ തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ അദ്ദേഹം നിയോഗിച്ച സമിതിയിൽ സഅദ് (رضي الله عنه) അംഗമായിരുന്നു. അദ്ദേഹം ദീർഘകാലം ജീവിച്ചു. മുസ്ലിം ലോകത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അദ്ദേഹം ഒരു കക്ഷിയിലും ചേരാതെ നിഷ്പക്ഷത പാലിക്കുകയാണ് ചെയ്തത്.

ഇസ്ലാമികാന്തരീക്ഷം മുആവിയക്ക് رضي الله عنه അനുകൂലമായി തെളിഞ്ഞശേഷം ഒരിക്കൽ മുആവിയ അദ്ദേഹത്തോട് ചോദിച്ചു സത്യവിശ്വാസികളായ രണ്ട് വിഭാഗം തമ്മിൽ ശണ്ഠകൂടിയാൽ അവരെ യോജിപ്പിക്കാൻ ശ്രമിക്കണമെന്നും അനുസരണക്കേട് കാണിക്കുന്നവരെ, മറു വിഭാഗത്തോട് സഹകരിച്ചു പരാജയപ്പെട്ടുത്തണമെന്നുമാണല്ലോ അല്ലാഹു പറഞ്ഞിരിക്കുന്നത്. താങ്കൾ ഒരു വിഭാഗത്തോടും സഹകരിക്കാത്തതെന്തുകൊണ്ട് സഅദുബ്നു അബീവഖാസ് (رضي الله عنه)  പറഞ്ഞു അലി (رضي الله عنه) യോട് ഞാൻ യുദ്ധം ചെയ്യുകയോ അദ്ദേഹത്തെക്കുറിച്ച് നബി (رضي الله عنه) ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു മൂസാ നബി(ﷺ)ക്ക് ഹാറൂൻ നബി (ﷺ) എങ്ങനെയാണോ അത് പോലെയാണ് എന്നെ സംബന്ധിച്ചിടത്തോളം അലി.

ഹിജ്റ 54. എൺപതു തികഞ്ഞ സഅദ് (رضي الله عنه) തന്റെ പുത്രന്റെ മടിയിൽ തലവെച്ചു കൊണ്ട് അന്ത്യയാത്രക്കൊരുങ്ങി. ഓമനപുത്രന്റെ കണ്ണുനീർ കണ്ട് വൽസലനായ പിതാവ് ചോദിച്ചു കുഞ്ഞേ, നീ എന്തിനു കരയുന്നു അല്ലാഹു എന്നെ ഒരിക്കലും ശിക്ഷിക്കുകയില്ല. ഞാൻ സ്വർഗ്ഗാവകാശിയാണെന്ന് നബി (ﷺ) എന്നോട് പറഞ്ഞിട്ടുണ്ട്. മോനെ, ആ പെട്ടിയിൽ ഒരു പഴയ തുണിയുണ്ട്. അതെടുത്തു എന്നെ കഫൻ ചെയ്യണം. അത് ഞാൻ ബദർ രണാങ്കണത്തിൽ അണിഞ്ഞ വസ്ത്രമാണ്. ആ പഴകിയ വസ്ത്രത്തിൽ ദീനയിലെ അവസാനത്തെ മുഹാജിറിനെ പരിശുദ്ധ ബഖീഇലെ ശ്മശാനത്തിൽ മറവുചെയ്യപ്പെട്ടു. സലാമുൻ അലൈക്കയാ സഅദ് رضي الله عنه.

No comments:

Post a Comment